സ്വന്തം ലേഖകന്‍
കോഴിക്കോട്: കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച കൃഷി യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായി കൃഷിശ്രീ സെന്ററുകള്‍ സ്ഥാപിക്കുന്നതിനും അഗ്രോ മെഷിനറി സര്‍വീസ് ക്യാമ്പുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ പദ്ധതി. ഓരോ ജില്ലകളിലും ഫാം മെഷിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 1.4 കോടി രൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്കി.
കര്‍ഷകര്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി സമയബന്ധിതവും ചെലവു കുറഞ്ഞതുമായ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ക്ലിനിക്ക് സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ളവര്ക്ക്ഷോപ്പുകള് നവീകരിക്കുകയും ചെയ്യും. കാര്‍ഷികോപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി ബുക്കിംഗിനും മറ്റു സേവനങ്ങള്‍ക്കുമായി കേന്ദ്രീകൃത സോഫ്റ്റ്വേര്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഡിജിറ്റല്‍ റിപ്പയര്‍ ബുക്കിംഗ്, ട്രാക്കിംഗ് സംവിധാനമാണ് സ്ഥാപിക്കുക. മെക്കാനിക്കുകള്‍ക്ക് പരിശീലനം നല്‍കാനും മേല്‍നോട്ടത്തിനും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി ക്ലിനിക്കുകള്‍ക്ക് പ്രചാരം നല്‍കുന്നതിനും തക ചെലവഴിക്കാന്‍ അനുമതിയുണ്ട്.
കര്‍ഷക ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ തലത്തില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും (അഗ്രികള്‍ച്ചര്‍) സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറും പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും. 2026 മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
2025-26 വാര്‍ഷിക പദ്ധതിയില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ പുതിയ കൃഷിശ്രീ സെന്ററുകള്‍ സ്ഥാപിക്കാനും നിലവിലുള്ള കൃഷിശ്രീ സെന്ററുകള്‍, കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയെ ശക്തിപ്പെടുത്താനും തുക വകയിരുത്തിയിട്ടുണ്ട്.